• info@kannurdementiacare.org
  • +91 9946 740 476

ഡിമെന്‍ഷ്യ

ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം

പ്രായമായവരില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം. ഓര്‍മാശക്തിയിലുണ്ടാകുന്ന കാര്യമായ തകരാറാണ് ഇതിന്‍റെ മുഖ്യലക്ഷണം. സാധാരണയില്‍ നിന്നു വ്യത്യസ്തമായ ഒരു തരം മറവിയാണ് ഡിമെന്‍ഷ്യയുള്ളവരില്‍ കാണുക. ഊണുകഴിച്ചു അധികം വൈകാതെ തന്നെ അക്കാര്യം മറന്നുപോവുക, മക്ളുടെയോ അടുത്ത ബന്ധുക്കളുടെയോ പേരുകള്‍ മറന്നുപോവുക, അല്പം മുമ്പു നടന്ന കാര്യങ്ങള്‍ തീരെ ഓര്‍മ്മിക്കാന്‍ പറ്റാതെ വരിക ഇവയെല്ലാം ഡിമെന്‍ഷ്യ രോഗത്തിന്‍റെ ഭാഗമായി കണ്ടുവരുന്ന ഓര്‍മത്തെറ്റുകളാണ്. എന്തെങ്കിലും തിരഞ്ഞു കണ്ടുപിടിക്കാന്‍ പറ്റാതെ വന്നാല്‍ ആ വസ്തു ആരോ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്നോ മോഷ്ടിച്ചുവെന്നോ പറയുകയും ചെയ്തെന്നിരിക്കും. സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ പറ്റാതെ വരിക, സ്വയം വസ്ത്രം ധരിക്കാന്‍ ശ്രമിച്ചാല്‍ ശരിയാവാതെ വരിക, ദിനകൃത്യങ്ങള്‍ക്ക് പരസഹായം ആവശ്യമായി വരിക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇവരില്‍ കാണാം. ദേഷ്യക്കൂടുതല്‍, ശാഠ്യ പിടിക്കല്‍, സംശയപ്രവണത ഇവയെല്ലാം രോഗത്തിന്‍റെ ഭാഗമായുണ്ടാകാം.

സാധാരണയില്‍ നിന്നു വിഭിന്നവും പെട്ടെന്ന് വര്‍ധിക്കുന്നതുമായ ഓര്‍മക്കുറവ് ഡിമെന്‍ഷ്യ രോഗത്തിന്‍റെ ലക്ഷണമാകാം. പ്രായമായ ഒരാള്‍ക്ക് ഇത്തരം ഓര്‍മ്മക്കുറവ് ഉണ്ടായാല്‍ വിശദമായ വൈദ്യപരിശോധന ആവശ്യമാണ്. നിരവധി രോഗങ്ങള്‍കൊണ്ട് ഡിമെന്‍ഷ്യയോ അതിനോട് സാമ്യമുള്ള അഴസ്ഥയോ ഉണ്ടാകാവുന്നതാണ്. ഇവയില്‍തന്നെ ചികിത്സിച്ചു പൂര്‍ണ്ണമായി മാറ്റാവുന്ന രോഗങ്ങളും, അല്ലാത്തവയുമുണ്ട്.

ചികിത്സിച്ചു മാറ്റാവുന്ന ഡിമെന്‍ഷ്യ

പ്രായമായ ചിലരില്‍ കടുത്ത വിഷാദരോഗമുണ്ടാകുമ്പോള്‍ ഡിമെന്‍ഷ്യയോട് സാദൃശ്യമുള്ള ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട് . 'ഡിപ്രസ്സീവ് സ്യൂഡോ ഡിമെന്‍ഷ്യ(Depressive Pseudo Dementia) എന്നാണ് ഈ അവസ്ഥയെ വിളിക്കുക. ശരിയായ ഡിമെന്‍ഷ്യ (True Dementia) യില്‍ നിന്ന് മേല്‍പറഞ്ഞ അവസ്ഥയെ വേര്‍തിരിച്ചറിയുക അല്പം പ്രയാസമുള്ള കാര്യമാണ്. നിരാശരും വിഷാദചിത്തരുമായ ഇവര്‍ ഓര്‍മ്മക്കുറവിനെപ്പറ്റി എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കും. വിശദമായ പരിശോധനയില്‍ ഇവരുടെ ഓര്‍മശക്തിയില്‍ കാര്യമായ ഒരു തകരാറുമില്ലായെന്ന് ഒരു വിദഗ്ധന് കണ്ടെത്താനാവും. ശാരീരിക മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായുണ്ടാകുന്ന മന്ദ്യവും ഓര്‍മശക്തി കുറഞ്ഞുവരുന്ന എന്ന തെറ്റിദ്ധാരണയുമാണ് ഇവരുടെ പ്രശ്നം. വിഷാദരോഗത്തിന് ചികിത്സ നല്‍കുമ്പോള്‍ രോഗി പൂര്‍ണ്ണസുഖം പ്രാപിക്കുന്നു.

തൈറോയിഡ് ഹോര്‍മോണിന്‍റെ കുറവുമൂലവും ഡിമെന്‍ഷ്യുണ്ടാകാം. തൈറോയിഡ് ഹോര്‍മോണുകളടങ്ങിയ മരുന്നു നല്‍കുക വഴി ഈ പ്രശ്നം പരിപൂര്‍ണമായി പരിഹരിക്കാം. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകള്‍ പ്രായമായ വ്യക്തികളില്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളുണ്ടാക്കാം. ഇക്കാര്യം തിരിച്ചറിഞ്ഞ് മരുന്നുകള്‍ നിറുത്തുകയോ, ഇത്തരം പ്രശ്നങ്ങളുണ്ടാക്കാത്ത മരുന്നുകള്‍ പകരമുപയോഗിക്കുകയോ ചെയ്താല്‍ ഇതിനു പരിഹാരമുണ്ടാക്കാം.

ചിലതരം മസ്തിഷ്ക ട്യൂമറുകള്‍കൊണ്ടുണ്ടാകുന്ന ഡിമെന്‍ഷ്യ ശസ്ത്രക്രിയകൊണ്ട് മാറ്റിയെടുക്കാന്‍ പറ്റിയെന്നു വരും. തലയോടിനും മസ്തിഷ്കത്തിനുമിടയില്‍ രക്തം കട്ടപിടിക്കാനിടയായാലും ഡിമെന്‍ഷ്യയുണ്ടാകാം. വൈകാതെയുള്ള ശസ്ത്രക്രിയകൊണ്ട് ഇത് പൂര്‍ണമായി നീക്കം ചെയ്യാവുന്നതാണ്. പോഷകാംശങ്ങളുടെ കുറവു നിമിത്തവും അപൂര്‍വമായി ഡിമെന്‍ഷ്യയുണ്ടാകാം. ഇതും ചികിത്സിച്ചു മാറ്റിയെടുക്കാം.

ചികിത്സകൊണ്ട് പരിപൂര്‍ണമായി മാറ്റിയെടുക്കാന്‍ പറ്റാത്ത തരത്തില്‍പ്പെട്ട ഡിമെന്‍ഷ്യ

മസ്തിഷ്കകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആല്‍സൈമേഴ്സ് രോഗം ( Alzheimer's disease). ഡിമെന്‍ഷ്യ ബാധിതരില്‍ പകുതിയിലധികം പേര്‍ക്കും ആല്‍സൈമേഴ്സ് രോഗമാണുള്ളത്. ഇതിനു ഫലപ്രദമായ ചികിത്സയില്ലായെന്നു തന്നെ പറയാം.

തലച്ചോറിലെ ചില ഭാഗങ്ങള്‍ രക്തയോട്ടമില്ലാതെ നിര്‍ജ്ജീവായിത്തീരുന്നതുകൊണ്ടുണ്ടാകുന്ന മള്‍ട്ടി ഇന്‍ഫാര്‍ക്റ്റ് ഡിമെന്‍ഷ്യ (Multi infarct dementia) യാണ് ഡിമെന്‍ഷ്യയുടെ മറ്റൊരു പ്രധാന കാരണം. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍പ്പെട്ട ഡിമെന്‍ഷ്യ ധാരാളമായി കണ്ടുവരുന്നു. പ്രമേഹമുള്ളവര്‍ക്കും അധിക രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഈ രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും അധികരിച്ച രക്തസമ്മര്‍ദ്ദവും കൃത്യമായ തുടര്‍ചികിത്സകൊണ്ട് ശരിയായ നിയന്ത്രണത്തില്‍ കൊണ്ടു വന്നാല്‍ ഈ രോഗം ഒരു പരിധിവരെ തടയുവാന്‍ കഴിയും. എയിഡ്സ് രോഗികളില്‍ ഒ1രു വിഭാഗം പേര്‍ രോഗം അധികമാവുന്ന ഘട്ടത്തില്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇതിനെ എയിഡ്സ് ഡിമെന്‍ഷ്യാ കോംപ്ലക്സ്(Aida Dementia Complex )എന്ന് പറയുന്നു.

മറ്റ് പല രോഗങ്ങള്‍ കൊണ്ടും ഡിമെന്‍ഷ്യയുണ്ടാകാം. സാധാരണയായി കണ്ടുവരുന്നവയും പ്രധാനമായവയും മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇതുവരെ വിവരിച്ച രോഗങ്ങളില്‍ ചികിത്സിച്ചു മാറ്റാവുന്നവ കുറവാണ്. എങ്കിലും ചികിത്സിച്ചുമാറ്റാന്‍ പറ്റുന്ന രോഗം കൊണ്ടാണോ ഡിമെന്‍ഷ്യയുണ്ടായിരിക്കുന്നത് എന്നത് ചികിത്സയം സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കാര്യമാണ്. ഡിമെന്‍ഷ്യ എന്നത് ഒരു അസുഖാവസ്ഥ മാത്രമാണ്. നിരവധി രോഗങ്ങള്‍കൊണ്ട് ഈ അവസ്ഥയുണ്ടാകാം. ഇതില്‍ ചിലതെങ്കിലും ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ്. ഡിമെന്‍ഷ്യയുള്ളവര്‍ക്കെല്ലാം ആല്‍സൈമേഴ്സ് രോഗമാണ് എന്ന് തെറ്റായി ധരിക്കരുത്. ഡിമെന്‍ഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗനിര്‍ണ്ണയം പൂര്‍ത്തിയാകുന്നുള്ളൂ. ചികിത്സയും അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

പരിചരണത്തിന്‍റെ ഭാരം

ഡിമെന്‍ഷ്യ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കായതുകൊണ്ടു കൂടിയാണിത്. കേരളത്തിലെ ജനസംഖ്യയില്‍ ഏകദേശം 10% പേര്‍ അറുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. പ്രായമായ സ്ത്രീകളില്‍ അധികം പേരും വിധവകളാണെന്നതും ശ്രദ്ധേയമാണ്.

ഡിമെന്‍ഷ്യ രോഗം ബാധിച്ചവരെ പരിചരിക്കുന്നവരില്‍ മിക്കവാറും എല്ലാവരും തന്നെ സ്ത്രീകളാണ്. പരിചരണത്തിന്‍റെ മുഖ്യചുമതലയേറ്റെടുക്കുന്നത് മിക്കവാറും മരുമകളോ, മകളോ അല്ലെങ്കില്‍ ഭാര്യയോ ആയിരിക്കും. പലപ്പോഴും സ്വന്തം കുട്ടികളെയും രോഗബാധിതരായ മാതാപിതാക്കളെയും ഒരേ സമയത്ത് പരിചരിക്കേണ്ടി വരുമ്പോള്‍ ഇത് വലിയൊരു ഭാരമായി അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാരീരികവും മാനസികവുമായ സംഘര്‍ഷമുണ്ടാവുക പതിവാണ്. ഡിമെന്‍ഷ്യ രോഗികളുടെ പരിചരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇത് തിരിച്ചറിയേണ്ടതാവശ്യമാണ്.

മാനസിക സമ്മര്‍ദ്ദമേറുന്നതായി തോന്നുമ്പോള്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായിത്തീരുന്നു. മടികൂടാതെ ഇക്കാര്യം അംഗീകരിക്കാനും തുറന്നു പറഞ്ഞ് നല്ല മനസ്സോടെ സഹായം തേടാനും സ്വീകരിക്കാനും തയ്യാറാവണം. ദേഷ്യക്കൂടുതല്‍, ഉറക്കക്കുറവ്,വല്ലാത്ത ക്ഷീണം, ഒന്നിലും താല്പര്യമില്ലായ്മ, വിഷാദം തുടങ്ങിയ പല ലക്ഷണങ്ങളും പരിചരണം കൊണ്ടുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്. പരിചരണത്തിന്‍റെ ഭാരം താങ്ങാവുന്നതിലുമേറെയാകുന്നുവെന്നതിന്‍റെ സൂചനകളായി വേണം ഇതിനെ കണക്കാക്കാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം ആരോഗ്യസംരക്ഷമത്തില്‍ വിട്ടുവീഴ്ച വരുത്താനുള്ള പ്രവണത പലരിലും കാണാറുണ്ട്. ഇത് ശരയില്ലായെന്നു മാത്രമല്ല, അനാരോഗ്യകരവുമാണ്. ഇത്തരം സമയങ്ങളില്‍ മറ്റു കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുക തന്നെ വേണം. പരിചരണത്തിലേര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കുന്ന സംഘടനകളുടെ സഹായം ഉപയോഗപ്പെടുത്തണം.

ഇന്‍റര്‍നെറ്റ് വഴി ചില വെബ് സൈറ്റുകളിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ അറിവു നേടാം. ഉദാഹരണത്തിന് www.alz.co.uk അല്ലെങ്കില്‍ www.alzheimerindia.org

പരിചരണം: പൊതുവായ നിര്‍ദ്ദേശങ്ങള്‍

പരിചരണം ചില സമയങ്ങളില്‍ ബുദ്ധിമുട്ടു നിറഞ്ഞതാകാം. എന്നിരുന്നാലും സ്ഥിതിവിശേഷം കൈകാര്യം ചെയ്യാന്‍ വഴികളുണ്ട്.

  • ദിനചര്യകള്‍ ക്രമീകരിക്കുക.
  • സാധാരണരീതി തുടരാന്‍ ശ്രമിക്കുക.
  • കാര്യങ്ങള്‍ ലളിതമായാല്‍ എളുപ്പമുണ്ട്.
  • തനിയെ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
  • വ്യക്തിയുടെ അന്തസ്സ് നിലനിര്‍ത്തേണ്ടത് പ്രധാനമായ കാര്യമാണ്.
  • നര്‍മ്മബോധം നിലനിര്‍ത്തുന്നത് നല്ലതാണ്.
  • സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
  • ജീവിതത്തിന്‍റെ ഗുണനിലവാരത്തിന് മുന്‍തൂക്കം നല്‍കുക.

ദിനചര്യകള്‍ ക്രമീകരിക്കുക. ഒരു ദിനചര്യ ലളിതവും എളുപ്പവുമാക്കാം. ദൈനംദിന ജീവിതത്തിന് ക്രമവും ഘടനയും കൊണ്ടുവരണം. ഡിമെന്‍ഷ്യയുള്ള വ്യക്തിക്ക് ദിനചര്യ സുരക്ഷിതതത്വബോധം നല്‍കുവാന്‍ സഹായിക്കുന്നു. എല്ലാത്തിനും ഏകദേശ സമയവും സാഹചര്യവും മുന്‍കൂട്ടി നിശ്ചയിക്കുക.

സാധാരണരീതി തുടരാന്‍ ശ്രമിക്കുക. സംഗതികള്‍ കഴിയാവുന്നത്ര സാധാരണപോലെ നിലനിര്‍ത്തുക പ്രധാനമാണ്. രോഗബാധയ്ക്കുമുമ്പ് ഉണ്ടായിരുന്നതിനോട് കഴിയുന്നത്ര സാമ്യമുള്ള രീതികളില്‍ ദിനചര്യ ക്രമീകരിക്കുന്നത് ഉത്തമം.

സംഗതികള്‍ ലളിതമാക്കുക. ഡിമെന്‍ഷ്യ ബാധിത വ്യക്തിക്ക് സംഗതികള്‍ ലളിതമാക്കിക്കൊടുക്കുക. തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതല്‍ കൊടുക്കരുത്. എളുപ്പമുള്ള രീതികല്‍ അവലംബിക്കാന്‍ പ്രോത്സാഹിപ്പിക്കുക.

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക വ്യക്തി സ്വാശ്രയത്വത്തില്‍ കഴിയാവുന്നത്ര കാലം കുടരട്ടെ, അത് അവരുടെ സ്വാഭിമാനം നിലനിര്‍ത്തുകയും ശുശ്രൂഷകന്‍റെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക. തീരെ പറ്റാതെ വരുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായി സഹായിക്കാന്‍ പാടുള്ളൂ.

അന്തസ്സ് നിലനിര്‍ത്തുക. നിങ്ങള്‍ പരിചരിക്കുന്ന വ്യക്തി വികാരങ്ങളുള്ള ഒരു മനുഷ്യനാണെന്ന് ഓര്‍ക്കുക. നമ്മുടെ വാക്കും പ്രവൃത്തികലും അവര്‍ക്ക് അലോസരമുണ്ടാക്കുന്നതായിരിക്കും. ഉദാഹരണത്തിന് അവരുടെ സാന്നിധ്യത്തില്‍ അവരുടെ അവസ്ഥ ചര്‍ച്ച ചെയ്യുന്നത് അവര്‍ക്ക് അലോസരമുണ്ടാക്കാനിടയുണ്ട്. രോഗമുള്ള വ്യക്തിയുടെ അന്തസ്സിനും അഭിമാനത്തിനും യോജിക്കാത്ത പ്രവൃത്തികള്‍ തീര്‍ത്തും ഒഴിവാക്കണം.

ഏറ്റമുട്ടല്‍ ഒഴിവാക്കുക. സംഘര്‍ഷം നിങ്ങള്‍ക്കും ഡിമെന്‍ഷ്യ ബാധിത വ്യക്തിക്കും അനാവശ്യമായി പിരിമുറുക്കമുണ്ടാക്കും. ആകുലപ്പെടുന്നത് സംഗതികളെ കൂടുതല്‍ വഷളാക്കുകയോ ഉള്ളൂ. ഇത് രോഗമാണ്. ഇതവരുടെ തെറ്റല്ലെന്ന് ഓര്‍ക്കുക. പരിചരണം ഭാരമേറിയ കാര്യമാണ്. നമുക്കു തെറ്റുകള്‍ പറ്റാം. രോഗം ആരുടെയും കുറ്റമല്ല. ശാന്തതയും സമചിത്തതയും പരിചരണത്തെ സഹായിക്കുന്നു.

നര്‍മ്മബോധം നിലനിര്‍ത്തുക. ഡിമെന്‍ഷ്യ ബാധിച്ച വ്യക്തിയുടെ കൂടെ തമാശ പറയാനും ചിരിക്കാനും കഴിയണം. നര്‍മ്മത്തിന് സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കഴിയും. സന്തോഷിക്കാനുള്ള വേളകള്‍ പാഴാക്കരുത്. സന്തോഷം പങ്കുവയെക്കുമ്പോള്‍ വര്‍ദ്ധിക്കുമെന്ന് തിരിച്ചറിയുക.

സുരക്ഷ പ്രധാനമാക്കുക. ഡിമെന്‍ഷ്യ മുറിവുകള്‍ക്കും അപകടങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ഗൃഹം പരാമവധി സുരക്ഷിതമാക്കുക. അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയാനും അത് ഒഴിവാക്കാനും രോഗിയാക്കായെന്നുവരില്ല. അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് അവയെ പ്രതിരോധിക്കാന്‍ ശ്രമിക്കുക.

ശാരീരികസൗഖ്യവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുക. ശാരീരികാരോഗ്യം ശരിയായി പാലിക്കണം. മനോവീര്യവും ജീവിതത്തിലുള്ള താത്പര്യവും നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നു. അനുയോജ്യമായ വ്യായാമം നല്ലതാണ്. ഉപദേശത്തിനായി നിങ്ങളുടെ ചികിത്സകനെ സമീപിക്കുക.

പെരുമാറ്റ പ്രശ്നങ്ങള്‍: പൊതുവായ നിര്‍ദ്ദേശങ്ങള്‍

ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട സര്‍വ്വസാധാരണമായി കാണപ്പെടുന്ന പെരുമാറ്റ വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമീപനം സംബന്ധിച്ച് കുടുംബാംഗങ്ങളെ പഠിപ്പിക്കുക എന്നതാണ് ഈ പഠനപദ്ധതിയുടെ ഉദ്ദേശം. ഈ പഠനപദ്ധതിക്ക് പിന്നിലെ ആശയം പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന ചില പ്രത്യേക പെരുമാറ്റപ്രശ്നങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകും.

ഡിമെന്‍ഷ്യ ബാധിച്ചവരില്‍ കണ്ടുവരുന്ന പെരുമാറ്റ പ്രശ്നങ്ങള്‍ താഴെപറയുന്നു.

  • വ്യക്തിശുചിത്വം..
  • വസ്ത്രധാരണം.
  • വിസര്‍ജ്ജനവും വിസര്‍ജ്ജനത്തില്‍ നിയന്ത്രണമില്ലായ്മയും.
  • ആവര്‍ത്തിച്ചുള്ള ചോദ്യംചോദിക്കല്‍.
  • പറ്റിപ്പിടിച്ച് നില്‍ക്കല്‍.
  • ആക്രമണ സ്വഭാവം.
  • അലഞ്ഞുതിരിഞ്ഞു നടക്കല്‍.
  • താത്പര്യത്തിന്‍റെയും സജീവതയുടെയും നഷ്ടം.

എല്ലാവര്‍ക്കും മേല്‍പറഞ്ഞ പ്രശന്ങ്ങള്‍ ഉണ്ടാകണമെന്നില്ല. പലര്‍ക്കും ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഉണ്ടായെന്നു വരാം.

1. വ്യക്തിശുചിത്വം. ഡിമെന്‍ഷ്യ ബാധിച്ച വ്യക്തിക്ക് അസുഖത്തിന്‍റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെത്താന്‍ പരിചരണം സാധിക്കും. രോഗമേറും തോറും സ്വയം കാര്യങ്ങള്‍ ചെയ്യുവാനുള്ള കഴിവ് ക്രമേണ കുറയും. പരസഹായത്തിന്‍റെ ആവശ്യകത വര്‍ദ്ധിക്കുകയും ഒടുവില്‍ എല്ലാത്തിനും പരസഹായം ആവശ്യമായി വരികയും പതിവാണ്. വസ്ത്രം ധരിപ്പിക്കലും കുളിപ്പിക്കലും വ്യക്തിപര പ്രവര്‍ത്തനങ്ങള്‍ ആണ്. നമുക്കോരോരുത്തര്‍ക്കും കാര്യങ്ങള്‍ ചെയ്യുന്നതിന് നമ്മുടേതാ. വ്യക്തിഗതമായ രീതികളുണ്ട്. തന്നെത്താന്‍ കുളിക്കുക സ്വാശ്രയത്വത്തിന്‍റെ അടയാളമാണ്, അതൊരു സ്വകാര്യ പ്രവര്‍ത്തനമാണ്. അതുകൊണ്ട് പെട്ടെന്നൊരാള്‍ക്ക് ഒരാളെ കുളിപ്പിക്കേണ്ടതായും വസ്ത്രങ്ങള്‍ മാറ്റേണ്ടതായും വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിയുടെ രീതികള്‍ കഴിയാവുന്നത്ര ഉള്‍കൊണ്ടു പരിചരിക്കുന്നതാണ് ഉത്തമം.
ഡിമെന്‍ഷ്യ ബാധിച്ചവരെ ശുചിയായി സൂക്ഷിക്കാന്‍ പരിശ്രമിക്കുക. അവര്‍ അറിയാതെ കുറ്റപ്പെടുത്തുകയും സഹകരിക്കാതിരിക്കുകയും ചെയ്തേക്കാം. കുളിപ്പിക്കലും വസ്ത്രം ധരിപ്പിക്കലിലും ലളിതമാക്കാനുള്ള വഴികള്‍ നോക്കുക.

നിര്‍ദ്ദേശങ്ങള്‍
  • അവരെങ്ങനെയാണ് ഒന്നു കുളിക്കാനിഷ്ടപ്പെടുന്നത് എന്നറിയാന്‍ ശ്രമിക്കുക.(സോപ്പിന്‍റെ ഇനം, ചൂടുവെള്ളം അല്ലെങ്കില്‍ തണുത്തവെള്ളം, ദിവസത്തിലെ സമയം ഇത്യാദി)
  • കുളിപ്പിക്കുമ്പോള്‍ അവര്‍ക്ക് ചെയ്യാനാകുന്നത് അവരെ ചെയ്യാനനുവദിക്കുക - വെള്ളമൊഴിക്കുക, സോപ്പ് തേയ്ക്കുക, തുവര്‍ത്തുക.
  • അവര്‍ വെള്ളമൊഴിച്ച് കുളിക്കുക ശീലമാക്കിയവരാണെങ്കില്‍, അത് തന്നെ ചെയ്യുക. അവരെ പെട്ടെന്ന് ഷവറിനു കീഴില്‍ നിര്‍ത്തരുത്.
  • കുളിക്കാന്‍ അവര്‍ വിസമ്മതിക്കുന്നുവെങ്കില്‍ അല്പസമയത്തിനുശേഷം അവരുടെ മാനസികാവസ്ഥ മാറിയാല്‍ വീണ്ടും ശ്രമിക്കുക.
  • അവര്‍ക്ക് നാണം തോന്നുന്നുവെങ്കില്‍ കുളിപ്പിക്കുമ്പോള്‍ അവരുടെ ശരീരം മൂടിവയ്ക്കുക.
  • കുളിപ്പിക്കുമ്പോള്‍ അവരെ ഇരുന്ന് കുളിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് പെട്ടെന്നുള്ള ചലനങ്ങള്‍ക്കുള്ള സാധ്യതകള്‍ ചുരുക്കുകയും, വീഴ്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

2. വസ്ത്രധാരണം. വസ്ത്രധാരണം ചെയ്യുന്നതെങ്ങനെയെന്ന കാര്യം ഡിമെന്‍ഷ്യയുള്ളവര്‍ പലപ്പോഴും മറക്കുന്നു. വസ്ത്രം മാറ്റേണ്ട ആവശ്യം അവര്‍ തിരിച്ചറിഞ്ഞില്ലെന്ന് വരാം. അവര്‍ അനുചിതമായ വേഷം ധരിച്ചോ വേഷം ധരിക്കാതെയോ പ്രത്യക്ഷപ്പെടാം. അവര്‍ ശരിയായി വേഷം ധരിച്ചിട്ടില്ല എന്ന് അവര്‍ തിരിച്ചറിയില്ല. മറ്റുള്ളവര്‍ക്കെന്ത് ഞെട്ടലാണതുണ്ടാക്കുക എന്നതിനെക്കുറിച്ചും അറിവുണ്ടാകില്ല. അതുകൊണ്ട് അവര്‍ ശരിയായ വേഷധാരണം ചെയ്തിട്ടില്ലെങ്കില്‍ സംയമനം പാലിക്കുക. ദേഷ്യപ്പെട്ടാല്‍ അവര്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാകുകയും ഭയമുള്ളവരാകുകയും ചെയ്യും.

നിര്‍ദ്ദേശങ്ങള്‍
  • ഉപയോഗിക്കാനെളുപ്പമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക, മുണ്ട് ചുറ്റുക രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ചെറിയ പൈജാമയോ, പാന്‍റ്സ് പ്രോത്സാഹിപ്പിക്കുക.
  • സിപ്പിടുക അവര്‍ക്ക് ബുദ്ധിമുട്ടാകാം. ഇലാസ്റ്റിക് ഉള്ള പൈജാമകള്‍ ധരിക്കുന്നതാണ് കുറേക്കൂടി എളുപ്പം. അവരുടെ ചില വസ്ത്രങ്ങള്‍ ഈ രീതിയില്‍ മാറ്റിയെടുക്കാം.
  • ബട്ടന്‍സ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് തയ്യല്‍ക്കാരന്‍റെ സഹായത്തോടെ ബട്ടനുപകരം വെല്‍ ക്രോ ഉപയോഗിച്ചു നോക്കാം. രോഗിക്കും ശുശ്രൂഷകനും ഇത് എളുപ്പമാകും.
  • കുളിക്കാന്‍ അവര്‍ വിസമ്മതിക്കുന്നുവെങ്കില്‍ അല്പസമയത്തിനുശേഷം അവരുടെ മാനസികാവസ്ഥ മാറിയാല്‍ വീണ്ടും ശ്രമിക്കുക.
  • നിങ്ങള്‍ക്കവസരം കിട്ടുമ്പോള്‍ അവരെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. അവരുടെ തലമുടി ചീകി വൃത്തിയാക്കുക, അവര്‍ വളരെ നന്നായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മറ്റാരെയും പോലെ ചുറുചുറുക്കോടെയിരിക്കാന്‍ അവര്‍ക്കും സന്തോഷമുണ്ടായിരിക്കും. അവര്‍ നിങ്ങളോട് കൂടുതല്‍ സഹകരിക്കും.

3. വിസര്‍ജ്ജനവും വിസര്‍ജ്ജനത്തില്‍ നിയന്ത്രണമില്ലായ്മയും. ഡിമെന്‍ഷ്യ ബാധിച്ച വ്യക്തിക്ക് എപ്പോഴാണ് വിസര്‍ജ്ജത്തിന് പോകേണ്ടത്, എവിടെയാണ് കക്കൂസ് , കക്കൂസില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു അറിയാനുള്ള ശേഷി നഷ്ടപ്പെട്ടേക്കാം. ഡിമെന്‍ഷ്യ ബാധിതര്‍ മുറിയിലിരുന്നുകൊണ്ട് അവരുടെ വസ്ത്രങ്ങളില്‍ മലവും മൂത്രവും വിസര്‍ജ്ജിച്ചേക്കാം. ഇതിനെ മൂത്രം നിയന്ത്രണമില്ലായ്മയെന്നും മല നിയന്ത്രണമില്ലായ്മ എന്നും വിളിക്കുന്നു. രണ്ടും വ്യത്യസ്തമായ പ്രശ്നങ്ങളാണ്, ഒന്നില്ലാതെയും മറ്റൊന്നുണ്ടാകാം.
വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ നിയന്ത്രണമില്ലാതെ വരാം. അതുകൊണ്ട് ആദ്യമായി ഒരാള്‍ക്ക് ഇത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ നേരെ ഡോക്ടറുടെ അടുക്കല്‍ പരിശോധിപ്പിക്കണം. മൂത്രാശയത്തില്‍ അണുബാധയോ പ്രമേഹമോ ഔഷദ ചികിത്സമൂലമുള്ള പ്രശ്നമോ ഉണ്ടാകാം. അത് പരിഹരിക്കാനാകും.
ഇതൊഴിവാക്കാന്‍ ഡിമെന്‍ഷ്യ ബാധിതര്‍ക്ക് കൊടുക്കുന്ന ദ്രവ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ ചിലയാളുകള്‍ നിര്‍ദ്ദേശിച്ചേക്കാം. എന്നിരുന്നാലും ശ്രദ്ധിക്കണം. ചൂടുള്ള കാലാവസ്ഥയില്‍ പ്രായമായ വ്യക്തികള്‍ക്ക് ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. അത് അവരെ കൂടുതല്‍ രോഗാതുരമാക്കും കുറഞ്ഞാല്‍ അത് അപകടമുണ്ടാക്കുന്നു.
മൂത്രമൊഴിക്കുന്നതിന് പല ആളുകള്‍ പല വാക്കുകളുപയോഗിക്കുന്നു. മൂത്രമൊഴിക്കുക, ടോയ്ലറ്റില്‍ പോകുക ഇത്യാദി ഭാഷാപരമായി ബുദ്ധിമുട്ടുണ്ടാകുന്നതുമൂലം രോഗികള്‍ക്ക് ശരിയായ കാര്യം പറയാനാകാതെ വരികയും തെറ്റായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്ുന്നു. ചില പെരുമാറ്റങ്ങളില്‍ ചിലപ്പോള്‍ മൂത്രമൊഴിക്കാനുള്ള ആവശ്യം നമുക്കു മനസ്സിലാക്കാനും സാധിക്കും.
രോഗിയെ കൃത്യമായി കക്കൂസിലേക്ക് കൊണ്ട് പോകുന്നത് വ്യക്തിക്കും കുടുംബത്തിനും കുറേ ബുദ്ധിമുട്ടുകളൊഴിവാക്കും.

നിര്‍ദ്ദേശങ്ങള്‍
  • ഒരു സമയക്രമുണ്ടാക്കുക, വ്യക്തിയെ കക്കൂസിലേക്ക് പോകാന്‍ സഹായിക്കുക
  • കക്കൂസിന്‍റെ വാതിലില്‍ വെട്ടിത്തിളങ്ങുന്ന നിറങ്ങളും വലിയ അക്ഷരത്തിലുള്ള ലേബലും വച്ചു പിടിപ്പിക്കുക.
  • എളുപ്പത്തില്‍ അഴിച്ചുമാറ്റാവുന്ന വസ്ത്രം ധരിപ്പിച്ചാല്‍വസ്ത്രത്തില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ സഹായിക്കും.
  • അവരെ എല്ലായ്പ്പോഴും എളുപ്പത്തില്‍ എഴുന്നേല്ക്കാവുന്ന കസേരയിലിരുത്തുക
  • കിടക്കും മുമ്പുള്ള ദ്രവഭക്ഷണങ്ങള്‍ ചുരുക്കുക.
  • കിടയിക്കക്കുസമീപം മലവിസര്‍ജ്ജനത്തിനു പാത്രം വച്ചാല്‍ രാത്രിയില്‍ കക്കൂസു തപ്പിനടക്കുന്നതൊഴിവാക്കാം

4.ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കല്‍. ഡിമെന്‍ഷ്യ ബാധിത വ്യക്തി അവര്‍ ചോദിച്ച ചോദ്യത്തിന് നാം ഉത്തരം നല്‍കും മുമ്പേ ചോദിച്ച ചോദ്യം തന്നെ മറന്നേക്കാം. അതുകൊണ്ട് അവര്‍ ഒരേ ചോദ്യം തന്ന ആവര്‍ത്തിച്ച് ചോദിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ക്ക് ശുണ്ഠിയുണ്ടാക്കുകയോ മടുപ്പുണ്ടാക്കുകയോ ചെയ്തേക്കാം. അവര്‍ ഒരേ ചോദ്യം തന്നെ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നതിനര്‍ത്ഥം അവരെന്തിനെയോ കുറിടച്ച് ആധികൊള്ളുന്നുവെന്നാണ്. കുടുംബാംഗങ്ങള്‍ ശരിയായി അതൂഹിച്ച് അദ്ദേഹത്തിന്‍റെ ശങ്ക ദൂരീകരിക്കാന്‍ കവിഞ്ഞാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതവര്‍ അവസാനിപ്പിക്കും.

നിര്‍ദ്ദേശങ്ങള്‍
  • മറുപടി പറയുന്നത് നിങ്ങളെയെവിടെയും കൊണ്ടെത്തിക്കുന്നില്ല. വീണ്ടും വീണ്ടും മറുപടി പറയുന്നത് അവസാനിപ്പിക്കുക. അത് നിങ്ങളെ കൂടുതല്‍ അക്ഷമനാക്കുകയേ ഉള്ളൂ. അവരതേറ്റുപിടിക്കുകയും കൂടുതല്‍ ഉല്‍ക്കണ്ഠാകുലരാകുകയും ചെയ്യും. പകരം രോഗിയുടെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് തിരിച്ചു വിടുക. അല്ലെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കാണിച്ചു കൊടുക്കുകയോ കേള്‍പ്പിച്ചുകൊടുക്കുകയോ ചെയ്യാം.
  • വ്യക്തിയുടെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുക.

5.പറ്റിപ്പിടിച്ച് നില്‍ക്കല്‍ ഡിമെന്‍ഷ്യ ബാധിതര്‍ ശുശ്രൂഷകനില്‍ അഥവാ കുടുംബാംഗത്തില്‍ അമിതമായ ആശ്രയത്വമുള്ളവനും എല്ലായ്പ്പോഴുമവരുടെയൊപ്പം തന്നെ നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. ഇത് കുടുംബാംഗങ്ങള്‍ക്ക് വളരെ വിഷമമുണ്ടാക്കിയേക്കാം. കാരണം അവരുടേതായ ജീവിതം കൊണ്ടു പോകുന്നതിന് അതു ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ശുശ്രൂശകന്‍ അപ്രത്യക്ഷനാകുമ്പോള്‍ വ്യക്തി അസ്വസ്ഥനും ഭയചകിതനുമായേക്കാം. വിശ്വസ്തനായ ശുശ്രൂഷകന്‍ രോഗിക്ക് ഏകസുരക്ഷാവരണമാകുന്നു.
ഈ പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ശുശ്രൂഷകനും ഒരു ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും തുടര്‍ച്ചയായ ശുശ്രൂഷ താങ്ങാനാവുന്നതല്ല. നിങ്ങള്‍ നിങ്ങളുടേതായ സമയം കണ്ടെത്തണം. വിശ്രമിക്കാന്‍, നിങ്ങളുടെ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാന്‍, മുമ്പേത്തെപ്പോലെ ഉന്മേഷത്തോടെയും ചുറുചുറുക്കോടെയുംമ ശുശ്രൂഷകന്‍റെ പങ്കിലേക്ക് തിരിച്ചുവരാന്‍. ഇത് വളരെ വളരെ പ്രധാനമാണ് എന്നതോര്‍ക്കുക.

നിര്‍ദ്ദേശങ്ങള്‍
  • സാധിക്കാവുന്നിടത്തോളം മറ്റു വിശ്വസ്തരായവരെയും ശുശ്രൂഷകരായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ രോഗിക്ക് അവരെയും തിരിച്ചറിയാന്‍ സാധിക്കും, ഒരാള്‍ക്ക് മാറി നില്‍ക്കേണ്ടിവന്നാല്‍ ഡിമെന്‍ഷ്യ ബാധിത വ്യക്തിയെ അടുത്തയാള്‍ക്ക് പരിചരിക്കാം.
  • ഡിമെന്‍ഷ്യ ബാധിതര്‍ക്ക് അപരിചിതരായ ഒട്ടേറെ പേരെക്കാള്‍ ഏതാനും പരിചിതരായ പരിചാരകരെ/ ശുശ്രൂഷകരെ ഉപയോഗപ്പെടുത്തുകയാണ് നല്ലത്.
  • അസുഖത്തിന്‍റെ തുടക്കം മുതല്‍ക്കു തന്നെ രോഗബാധിതന്‍റെ കൂടെ എല്ലായ്പ്പോഴും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ആശ്രയത്വം അധികമാവാതെ ശ്രദ്ധിക്കുക.
  • നിങ്ങള്‍ക്ക് ദൂരേക്ക് മാറിപ്പോകേണ്ടതുണ്ടെങ്കില്‍ ആദ്യം അല്പനേരത്തേക്ക് വിട്ടു നില്‍ക്കുക. സാവകാശത്തില്‍ സമയം വര്‍ദ്ധിപ്പിക്കുക. വളരെയധികം മണിക്കൂറുകള്‍ വിട്ടുനില്‍ക്കുന്നതിനേക്കാള്‍ നല്ലതാണിത്.
  • മറ്റു കുടുംബാംഗങ്ങളെ ചുമതല ഏറ്റെടുക്കാന്‍ അല്പനേരത്തേക്ക് തയ്യാറാക്കാന്‍ പ്രേരിപ്പിക്കുക. കഴിയുകയാണെങ്കില്‍ ഒരു ചെറിയ ഇടവേള എടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പുറത്തു പോയി ആഹ്ലാദകരമായി ഏന്തെങ്കിലും ചെയ്യുക. ഇത് മോശമാണെന്ന് വിചാരിക്കേണ്ട. നിങ്ങള്‍ക്കും നന്നായിതോന്നും. മാത്രമല്ല രോഗിക്കും നിങ്ങളെ അസ്വസ്ഥനും ക്ഷീണിതനുമായി കാണപ്പെടുന്നതിനേക്കാള്‍ ഉന്മേഷവാനായി കാണപ്പെടുന്നത് ആശ്വാസകരമാകും. ഓര്‍ക്കുക! അത് അവര്‍ക്കും അതുപോലെത്തന്നെ നിങ്ങള്‍ക്കും നല്ലതാണ്.

6. ആക്രമണസ്വഭാവം ആക്രമണസ്വഭാവം ഒരു പ്രശ്നമാകുകയോ അല്ലാതിരിക്കുകയോ ആകാം. സാധാരണയായി ഡിമെന്‍ഷ്യയുടെ വൈകിയ ഘട്ടത്തിലാണ് ഈ പ്രശ്നം പ്രത്യക്ഷപ്പെടുന്നത്. കുടുംബത്തിനിത് വളരെ ശല്യമുണ്ടാക്കും. ആക്രമണ സ്വഭാവത്തിന് പല കാരണങ്ങളുണ്ടാകും.
രോഗിക്ക് വേദനയോ അസ്വാസ്ഥ്യമോ ഉണ്ടാകാം. അവര്‍ക്ക് ഒരുപക്ഷേ, ഉദാഹരണത്തിന് കാലിന് ഒടിവോ, ക്ഷതമോ ഉണ്ടാം. അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് അവരെ ഒരു ഡോക്ടറെക്കൊണ്ട് നിരന്തരം പരിശോധിപ്പിക്കണം.
ഡിമെന്‍ഷ്യ ബാധിതര്‍ക്ക് തെറ്റായ ചില ധാരണകള്‍ വന്നേക്കാം. ഉദാഹരണത്തിന് ആരോ അവരുടെ സ്വത്തുക്കള്‍ മോഷ്ടിച്ചുകൊണ്ടു പോകുന്നുവെന്ന്. ആ ധാരണ ശരിയാണെന്ന് ആത്മാര്‍ത്ഥമായും അവര്‍ വിശ്വസിക്കും, അതുകൊണ്ട് ആക്രമസക്തരാകാം.
ഡിമെന്‍ഷ്യയുടെ വളരെയധികം സങ്കീര്‍ണ്ണമായ അവസ്ഥയില്‍ രോഗികള്‍ക്ക് ചിലപ്പോള്‍ കുടുംബാംഗങ്ങളെ തിരിച്ചറിയാനാവില്ല. നിങ്ങള്‍ എവരെ ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്തുന്ന വേറെയാരോ ആണെന്ന് അവര്‍ ചിന്തിച്ചേക്കാം. അതും അവരെ അക്രമാസക്തരാക്കും.
അക്രമാസക്തിക്കു കാരണം അമിതമായ ഉല്‍ക്കണ്ഠയാകാം. എന്താണ് അവരെ അത്രയ്ക്ക് ഉല്‍ക്കണ്ഠാകുലരാക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കുക.
ചിലപ്പോള്‍ അകമാസക്തി അക്രമണോത്സുക പെരുമാറ്റം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗത്തിന് വന്ന ഗുരുതരമായ തകരാറുകൊണ്ടുണ്ടായതാകാം. എല്ലായ്പ്പോഴും ഓര്‍ക്കുക, കാരണമെന്തുമാകട്ടെ,അത് രോഗിയുടെ കുറ്റമല്ല, രോഗത്തിന്‍റെ ഫലമാണ്.

നിര്‍ദ്ദേശങ്ങള്‍
  • ശാന്തനായിരിക്കുക, പുറമേ കാണിക്കാതിരിക്കുക
  • എന്താണ് ഇത്തരം ക്രോധത്തിനിടയാക്കിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. ഭാവിയില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
  • എന്തുതന്നെയായാലും നിങ്ങള്‍ അക്രമാസക്തനാകരുത്. നിങ്ങ ള്‍ക്ക് നിയന്ത്രണം വിടുകയാണെങ്കില്‍ തണുക്കും വരെ നിങ്ങള്‍ രോഗിയില്‍ നിന്ന് മാറി നില്‍ക്കുക.
  • ശാരീരികമായി തള്ളുകയോ, വലിക്കുകയോ, തടഞ്ഞു നിര്‍ത്തുകയോ ചെയ്യരുത്. അവരുടെ സുരക്ഷയ്ക്കായി മാത്രമേ നിവൃത്തിയില്ലാതെ വരുന്ന ഘട്ടങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ.
  • മറ്റെല്ലാം നടപടികളും പരാജയപ്പെടുമ്പോള്‍ രോഗി പലവുരു അക്രമാസക്തിനാകുകയാണെങ്കില്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് മരുന്നിലൂടെ അയാളെ ശാന്തനാക്കാനാകും. ഡോക്ടറെ സമീപിക്കുക.

7.അലഞ്ഞുതിരുഞ്ഞു നടക്കല്‍ ഡിമെന്‍ഷ്യ രോഗികള്‍ക്ക് വീട് വിട്ടു പുറത്തുപോയാല്‍ എങ്ങനെ മടങ്ങിവരണമെന്ന് അറിയാതെ വന്നേക്കാം. അത് കുടുംബത്തിന് വലിയൊരു പ്രശ്നമായേക്കാം. കാരണം അവര്‍ക്കയാളെ അന്വേഷിക്കാന്‍ പോകേണ്ടതുണ്ട്. രാത്രി നേരത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. അതുപോലെ ഒരുമിച്ച് പുറത്തേക്ക് പോയാലും അവര്‍ നിങ്ങളെ വിട്ട് നടന്നുപോകാന്‍ തുടങ്ങും. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കവരെ കണ്ടെത്താന്‍ കഴിയില്ല.

നിര്‍ദ്ദേശങ്ങള്‍
  • ചെറുതായി നിയന്ത്രമേര്‍പ്പെടുത്തുക. രോഗിയെ കസേരയില്‍ കെട്ടിയിടുന്നതും അല്ലെങ്കില്‍ മുറിയില്‍ അടച്ചിടുന്നതും ശരിയല്ല.
  • പ്രധാന വാതിലില്‍ NO EXIT എന്നോ അപകടമെന്നോ ഉള്ള മുന്നറിയിപ്പടയാളങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുക.
  • അവര്‍ക്ക് വാതിലിലൂടെ പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തടസ്സങ്ങള്‍ ഉപയോഗിക്കുക.
  • നിങ്ങള്‍ക്ക് ഒരു മുറ്റമോ പൂന്തോട്ടമോ ഉണ്ടെങ്കില്‍ അവരെയവിടെ വരെ പോകാനനുവദിക്കുക. അവര്‍ക്ക് താല്‍പര്യമുള്ള വസ്തുക്കള്‍ കാണാനും തൊട്ടറിയാനും വേണ്ടി നല്‍കുക. ആ ഭാഗത്ത് ചുറ്റിത്തിരിയാന്‍ അനുവദിക്കുക, അതിന് ആവശ്യത്തിന് സൗകര്യം ചെയ്തുകൊടുക്കുക.

8.താല്പര്യത്തിന്റെയും ഉത്സാഹത്തിന്‍റെയും കുറവ്സാമൂഹ്യമായി സ്വയം ഉള്‍വലിയുന്ന പ്രകൃതം പലപ്പോഴും പ്രകടമാകും. ഇത് കുടുംബത്തിന് വേദനയുണ്ടാകും. സംസാരിക്കുന്നത് കുറഞ്ഞു വരികയും ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതാകുകയും ചെയ്യും. അവര്‍ അലസന്മാരോ ശാഠ്യക്കാരോ ആകുകയല്ല. മറിച്ച് ഇത് രോഗത്തിന്‍റെ ഒരു ഭാഗം മാത്രം. എന്നിരുന്നാലും, ഇക്കാര്യത്തിലും ചെറിയ മാറ്റങ്ങളുണ്ടാക്കാവുന്ന സംഗതികള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.
ഡിമെന്‍ഷ്യ ബാധിതരായ ഒട്ടേറെ പേര്‍ക്ക് വിഷാദം പിടിപെടുന്നു. അവര്‍ ദുഃഖിതരും ഉല്‍ക്കണ്ഠാകുലരും നിറകണ്ണീരോടു കൂടിയവരുമായി കാണപ്പെട്ടേക്കാം. അവര്‍ നിരാശയുണ്ടാക്കുന്നവിധത്തില്‍ സംസാരിച്ചേക്കാം. പലപ്പോഴും അവര്‍ക്ക് വസ്തുക്കളിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു. ചിലപ്പോള്‍ ഭക്ഷണം വേണ്ടാതാകുന്നു. ഇത് അത്ഭുതകരമല്ല. രോഗികള്‍ക്ക് അവരുടെ പരിമിതികളെക്കുറിച്ച് ബോധ്യം വന്നാല്‍ ഇച്ഛാ ഭംഗവും നിരാശയും ഉണ്ടാകുന്നു. തങ്ങള്‍ക്ക് ചുറ്റും നടക്കുന്നതിനെപ്പറ്റി അവര്‍ തെറ്റായി ധരിച്ചേക്കാം. അതും അവരെ സംഭ്രമിപ്പിക്കുകയും ഭയചകിതരാക്കുകയും ചെയ്യും.
ഡിമെന്‍ഷ്യ ബാധിതരില്‍ പകുതിയോളം പേര്‍ക്കും ഏതെങ്കിലുമളവില്‍ വിഷാദം ഉണ്ടായേക്കാം.
ചിലപ്പോള്‍, വിഷാദം സ്വമേധയാ പിന്‍വാങ്ങിയില്ലായെങ്കില്‍ അതിനെതിരായ മരുന്നുകളുപയോഗിച്ച് ചികിത്സ വേണ്ടിവരും. ഈ മരുന്നുകള്‍ സുരക്ഷിതവും കഴിക്കാനെളുപ്പമുള്ളതുമാണ്. നിങ്ങളുടെ ഫിസിഷ്യന് ഉപദേശിക്കാന്‍ കഴിയും.

നിര്‍ദ്ദേശങ്ങള്‍
  • അവര്‍ക്ക് ശരിയായി കാണാനും കേള്‍ക്കാനും കഴിയുമെന്ന് ഉറപ്പുവരുത്തുക. (ഉദാ: കണ്ണടകള്‍ മാറ്റേണ്ട സമയമായിട്ടുണ്ടാകാം, ശ്രവണയന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടാവില്ല)
  • സംസാരിക്കും മുമ്പേ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  • മുഖാമുഖമായി കണ്ണുകളുടെ അതേ നിരപ്പില്‍ നിന്നും താണ് സംസാരിക്കുക. വാക്കുകള്‍ വ്യക്തമായും സാവധാനത്തിലും പറയുകു.
  • അശ്ലേഷത്തിലൂടെ സ്നേഹവും ഊഷ്മളതയും കാണിക്കുക, അവര്‍ക്കത് അസ്വസ്ഥതയുണ്ടാക്കില്ലാ എങ്കില്‍.
  • അവരുടെ ശാരീരിക ഭാഷ ശ്രദ്ധിക്കുക - ഭാഷയില്‍ വൈകല്യം വന്നവര്‍ ഭാഷേതരമായ മാര്‍ഗ്ഗങ്ങളിലൂടെ ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നു.
  • നിങ്ങളുടെ തന്നെ ശാരീരിക ഭാഷയെക്കുറിച്ച് ബോധവാനാകുക
  • അവരോട് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ പദസൂചനകള്‍, പ്രേരകവാക്കുകള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, അംഗപ്രകടനങ്ങള്‍ എന്നിവയുടെ ചേരുവ കണ്ടെത്തുക. പ്രവര്‍ത്തനങ്ങളും താല്‍പര്യവും സൂക്ഷിച്ചുകൊണ്ടുപോവുക.
  • ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിയുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും ജീവിതത്തിന് ഒരുദ്ദേശവും അര്‍ത്ഥവും നല്‍കിക്കൊണ്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിയും
  • ഓര്‍ക്കുക, രോഗം വഷളാകുംതോറും അവരുടെ ഇഷ്ടാനിഷ്ടങ്ങളും ശേഷികളും മാറിവരും. ഡിമെന്‍ഷ്യ രോഗിയെ അവര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലാത്ത അഥവാ അവരുടെ കഴിവുകള്‍ക്കപ്പുറമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിലര്‍ത്ഥമില്ല. വേറെ ഏതെങ്കിലും കാര്യങ്ങള്‍ ശ്രമിക്കേണ്ടതായി വരും.
  • ഒരിക്കല്‍ ഒരു ഗൃഹപരിപാലകന്‍, തോട്ടക്കാരന്‍, വ്യാപാരി അല്ലെങ്കില്‍ വ്യവസായ പ്രതിനിധി എന്നിവയേതെങ്കിലുമായിരുന്ന വ്യക്തിക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കഴിവുകള്‍ ഉപയോഗിക്കുക വഴി സംതൃപ്തിയും സമാശ്വാസവും ലഭിക്കാം. ഈ കഴിവുകള്‍ മറ്റൊന്നും ചെയ്യാനവര്‍ക്കാവില്ലെങ്കിലും, പലപ്പോവും നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെടും.

രോഗത്തിന്‍റെ വൈകിയ ഘട്ടങ്ങളില്‍ ഇന്ദ്രിയങ്ങളെ എങ്ങനെ ലളിതമായ വഴികളിലൂടെ ഉത്തേജിപ്പിക്കാം എന്നത് പരിഗണിക്കാം.

  • കേള്‍വി: സംഗീതം, റേഡിയോ പരിപാടി, പുസ്തകമോ കവിതയോ ഉറക്കെ വായിച്ചുകൊടുക്കുക, പാടുക
  • സ്പര്‍ശനം: കയ്യിലെടുക്കാനോ, ഉപയോഗിക്കാനോ പറ്റുന്ന മൃദുവായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
  • കാഴ്ച : വെട്ടിത്തിളങ്ങളുന്ന നിറങ്ങള്‍ വ്യക്തമായി വരച്ച ബന്ധുക്കളുടെ ചിത്രങ്ങള്‍, പഴയ ഫോട്ടോകള്‍.
  • ഗന്ധം : അവരെ പാചകത്തില്‍ ഉള്‍പ്പെടുത്തുക, ഭക്ഷണത്തിന്‍റെയും മസാലകളുടെയും സുഗന്ധവസ്തുക്കളുടെയും പരിചിത ഗന്ധങ്ങള്‍ (എല്ലാ സമയത്തും കാര്യങ്ങള്‍ സുരക്ഷിതമായിരിക്കണമെന്നോര്‍ക്കണം)

Don’t hesitate to contact us!

Once you have decided that you need our help just give us a call and speak to one of our friendly and helpful team of specialists.

Back To Top